കനൽ വീട്

വിദൂര യാത്രകളിൽ
തിരികെ വിളിക്കണം വീട്,
നെഞ്ചിൽ കനലെരിയുമ്പോൾ
തണലേകണം മേൽക്കൂര,
തിമിർത്ത് പെയ്യുമ്പോൾ
ഇറയിലൂടെ ഒലിച്ചിറങ്ങണം ജലധാര,
വിണ്ണ് കത്തിയമരുമ്പോൾ
തടാകം പോലെ ശാന്തമാകണം ഗൃഹം,
പക്ഷെ !
കനലുകൾ ഞെരിഞ്ഞു കത്തുന്ന
ഹോമ പ്രതലമാണിന്നാ അകത്തളം,

സുഹൃത്തേ....
ഈ കാണുന്ന തിളങ്ങുന്ന ചുവപ്പ്
ചുമരിൽ നിറം തേച്ചതല്ല,
അകതാരിൽ കനൽ കത്തിയെരിയുമ്പോൾ
പ്രത്യക്ഷത്തിൽ പ്രകടമാകുന്ന നിറമാണിത്,
ഈ ചമയം 
നെഞ്ചുരുകുന്ന ചവർപ്പാണ്,

ആകാശം മുട്ടി നിൽക്കുന്ന ചെങ്കൽ മാളിക
വിസ്മയ ചാരുതയാൽ തിളങ്ങുന്നുണ്ടായിരിക്കാം,
അന്തരാത്മാവിൽ കത്തിയമരുന്ന
തീനാമ്പ് മേഘത്തിൽ സ്പർശിക്കുന്നുണ്ട്
ആ ചൂടിൽ മഞ്ഞുരുകി മഴയായ് പെയ്യും,

പ്രിയാ...
നീ അകത്തേക്കിരിക്കുക
കാലിൽ ചെരുപ്പണിയുക
നിനക്കീ ഉഷ്ണം നോവേകും,
നിന്റെ കാലുകൾ
ഈ തീക്കനൽ ശീലിച്ചിട്ടില്ല,
എനിക്കീ വെന്തുരുകൽ നിത്യ കർമമാണ്,

ഭയപ്പെടേണ്ട
ഈ തീക്കാറ്റ് അടുക്കളയിൽനിന്നാണ്,
അവിടെയൊരു ജീവൻ
കത്തിയമരുന്നുണ്ട്,
പരിഭവമില്ലാത്തെ സദാ ചലിക്കുന്നുണ്ട്,
തണുക്കാൻ ഇടയ്ക്ക് വെള്ളമൊഴിക്കുന്നുണ്ട്,
അത് ചിരിച്ച്  തുള്ളുന്ന അഗ്നിദേവിയാണ്,
ഈ ചുടു കാറ്റിൽ 
ആ നിരാലംബയുടെ സങ്കടമുണ്ടായേക്കാം,
സങ്കടവും വേണ്ട 
അത് മരിക്കും വരെ കത്തുകതന്നെ ചെയ്യും
കെടുത്താൻ ശ്രമിക്കുന്നതവർക്ക് ഇഷ്ടമല്ല,
ഈ ചുടു കാറ്റിൽ ഞാൻ നിഷ്ക്രിയനാണ്,

നാലാം വാതിൽക്കൽ ചെല്ലുക,
ഒന്നുമറിയാതെ
അവിടെയൊരു പുതപ്പുറങ്ങുന്നുണ്ട്
അതൊരു കുളിരിനായി
കാത്തിരിക്കുകയാണ്,

മേൽക്കൂരയിൽ മാറാലകൾക്ക് മീതെ 
ചാരങ്ങൾ വന്നടിഞ്ഞിട്ടുണ്ട്,
അവക്കിടയിൽ
അലങ്കാര വെട്ടങ്ങൾ
എന്നെപ്പോലെ അകം കത്തി
പുറം ചിരിച്ച് നിൽക്കുന്നത് കാണാം
എന്തൊരു ഭംഗി,

എന്നെ നോക്കല്ലെ....! 
ഞാൻ ചിരിക്കുന്നുണ്ട്
ഉറപ്പാണ്,
ഉള്ളം -
പുറം മൂടിയ അഗ്നിപർവ്വതവുമേന്തി,

ഇനി നീ യാത്രയാവുക,
ഞാൻ വൈകുന്നേരത്തിനുമുമ്പ്
വാതിലടച്ച് ഉറങ്ങുകയാണ്
വാതിലുകൾ അമരുമ്പോൾ
ചെറിയ ശാന്തതയുണ്ട്,
രാവിൽ വീടുറങ്ങുമ്പോൾ
വിണ്ണ് താരാട്ട് പാടും,

വീടൊരു സ്വപ്നം മാത്രമാണ്,
അകം കനൽക്കാടാണ്
എത്ര തവണയാണ് ഞാൻ
എരിഞ്ഞ് തീരുന്നത്
ഈ കനൽ വീടൊരു അനുഭവമാണ്.

1 Response to "കനൽ വീട്"

സുധി അറയ്ക്കൽ പറഞ്ഞു...

കനൽ വീട്‌ .കൊള്ളാാാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...