ഖുൻഫുദയിലേക്കൊരു പികിനിക്

(ചിത്രങ്ങൾ എടുത്തത് ബഷീൽ കാഞ്ഞിരപ്പുഴ‌
--------------------------------------


ലക്ഷ്യങ്ങളെ വിലയിരുത്തുകയും , യാത്ര ദൂരം പലതവണ കണക്കുകൂട്ടിയുമായിരിക്കും യാത്രകളുടെ തുടകം, എങ്കിലും ചില സംശയങ്ങളും വേവലാതികളുംകൊണ്ട് ചെറിയ അങ്കലാപ്പുകൾ മനസ്സിൽ പതിവാണ്,യാത്രതുടങ്ങി അല്പം കഴിഞ്ഞാൽ അവയെല്ലാം അന്തരീക്ഷതിലങ്ങ് ലയിച്ച് ഇല്ലാതാക്കുകയുംചെയ്യും,പിന്നെ അലക്ഷ്യമായ പാച്ചിലുകളാണ് ഓരോ യാത്രയും,
ഞങ്ങളുടെ ആദ്യ ലക്ഷ്യം ഖുൻഫുദയാണ്, രാവിലെ ജിദ്ദയിൽനിന്ന് പുറപ്പെട്ടാൽ മൂന്നോ നാലോ മണിക്കൂർകൊണ്ട് അവിടെ എത്താൻകഴിയും എന്നാണ് കൊമ്പൻ മൂസ തലേന്നത്തെ ചാറ്റിംങ്ങിൽ പറഞ്ഞിരുന്നത്,ജീവൻ ടീവി റിപ്പോർട്ടർ ബഷീർതൊട്ടിയൻ രാത്രിവേണമെങ്കിൽ പുറപ്പെടാൻ തയ്യാറായിരുന്നു, പക്ഷെ ബഷീർ കഞ്ഞിരപ്പുഴ അറിയിച്ചത് രാവിലെ പോയാൽ മതി എന്നാണ്,കൂട്ടത്തിൽ തലമൂത്തയാളാണ്,ജിദ്ദയിലെ ഫോട്ടോഗ്രാഫറും, യാത്രയിലെ കാരണവരാണ് കാഞ്ഞിരപ്പുഴ സാഹിബ്. അദ്ധേഹം പറയുന്നത് കേൾക്കാതിരിക്കാൻ പറ്റില്ല, അത്യാവിശ്യമുള്ള സാധനങ്ങൾ മാത്രം കരുതി ഞങ്ങൾ തെയ്യാറായി, വെള്ളിയാഴ്ചയാണ് ദിവസം അതിരാവിലേയും ഒഴിവു ദിവസവും ആയതിനാൻ റോഡിൽ വാഹനങ്ങൾ വളരെ കുറവാണ്, 

ഖുൻഫുദയിൽ ഞങ്ങളെകാത്ത്  സാമൂഹിക പ്രവർത്തകൻ മജീദ് ചേരൂരും അഫ്നാസും അടങ്ങുന്ന  ഒരു ടീം തന്നെയുണ്ട്, തൊട്ടിയനേയും കൊമ്പനേയും കാഞ്ഞിരപ്പുഴയേയും വണ്ടിയിൽകേറ്റി ജിദ്ദയിൽനിന്ന് ജിസാൻ ഹൈവേയിലൂടെ ഖുൻഫുദ ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം പാഞ്ഞു,
സമയം എട്ടുമണി അൽ ലെയ്ത്തിൽ എത്തിച്ചേർന്നിരിക്കുന്നു,ഇവിടെ നിന്ന് ഇനിയുമുണ്ട്  160 കിലോമീറ്റർ,ഇവിടെ കാണുന്ന ഈ മരുഭൂമിയിൽ ഒന്ന് ഇറങ്ങുക എന്ന് തന്നെയാണ് ലക്ഷ്യം, അത്ര സുന്ദരമാണ് മണൽതരികൾ , മരുഭൂമിയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ മെല്ലെത്തലോടി മണൽതരികൾ അവയുടെ വിശ്വ സൗന്ദര്യത്തിൽ വിരാചിക്കുന്നത് കാണാൻ മരുഭൂമിയുടെ ഒത്ത നടുവിൽ ഇറങ്ങുകതന്നെ ചെയ്യണം,മരുഭൂമിൽ ഇടക്കിടക്ക് പച്ചപുതച്ച മരങ്ങൾ കാണുന്നുണ്ട്, ആ ഇടങ്ങൾ വെള്ളമുള്ള അടയാളങ്ങളാണ് എന്നാണ് കൂട്ടത്തിൽ ചിലർ പറഞ്ഞത്, 
കുറച്ചുദൂരം സഞ്ചരിച്ചപ്പോൾ പാതയിൽനിന്നൽപ്പം ദൂരെ മേച്ചിൽ പുറങ്ങൾതേടി വരുന്ന ഒരു ഒട്ടകക്കൂട്ടത്തെ കാണുകയുണ്ടായി,വണ്ടി ഹൈവേയിൽനിന്നൽപ്പം മാറ്റി നിർത്തി, കാഞ്ഞിരപ്പുഴയും ബഷീറും ക്യാമറകളെടുത്ത് പുറത്തിറങ്ങി,ഒട്ടകത്തിന്റെ പിന്നിൽ അവയെ മേച്ചുകൊണ്ട് പോകുന്ന ഒരു അറബി വംശജനേയും കാണാം, അയാൾ ഒരു വലിയ ഒട്ടക്കത്തിന്റെ മുകളിൽ ഇരുന്നാണ് ഈ ഒട്ടകക്കൂട്ടത്തെ നിയന്ത്രിക്കുന്നത്,
പടയാളികളെ നയിക്കുന്ന പടത്തലവനെ പോലെ അയാൾ ഇടക്കിടക്ക് തന്റെ കയ്യിലെ നിയന്ത്രണദണ്ഡ് വായുവിൽ അഞ്ഞാഞ്ഞു വീശീ ആ ചുടുമണൽ പാതയുലൂടെ മസ്സ്രയും ലക്ഷ്യമാക്കി ദൂരേക്ക് മറയുംവരെ ആ കാഴ്ച കണ്ടിരുന്നു.മരുഭൂമിയുടെ തനതായ പാരാമ്പര്യത്തിന്റെ ഏറ്റവും മനോഹരമായൊരു കാഴ്ച,

ഖുൻഫുദയിൽ എത്തുമ്പോൾ കാലവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു, കാറ്റിന്റെ സ്വഭാവം മാറിക്കൊണ്ടരിക്കുന്നു, അവ മിക്കപ്പോഴും മണലുകൾകൊണ്ട് റോഡുകളിൽ വലിയ കൂനകൾ സ്രഷ്ടിക്കുന്നുണ്ട്,
മണൽക്കാറ്റ് റോഡിനെ മുഴുവനായും മണൽ പാതയാക്കിയിട്ടുണ്ട്,മണലിലൂടെ വണ്ടികൾ മെല്ലെമെല്ലെ നീങ്ങാൻ തുടങ്ങി,കാറ്റിന്റെ വേഗതപോലെത്തന്നെ നല്ല ചൂടും അനുഭവപ്പെടുന്നുണ്ട്,പലപ്പോഴും മണലുകൾ കാറ്റിനൊത്ത് വലിയ സൈക്ലോണുകൾ തീർത്ത് മേലോട്ടുയരുകയും താഴേക്ക് പതിക്കുകയും ചെയ്യുന്നുണ്ട്,മരുഭൂയുടെ ഭൂമിശാസ്ത്രത്തിൽ മണലുകൾക്ക് പെടുന്നനെയുള്ള സ്ഥാന ചലനങ്ങൾ സർവ്വ  സാദരണയാണ്,ഖുൻഫുദയുടെ നഗര പ്രദേശത്തിലെത്തുമ്പോഴേക്കും പുറത്ത് കാറ്റിന് വലിയ ശാന്തതകൈവന്നിട്ടുണ്ട്,


അൽ ലെയ്ത്തിൽ എത്തിയപ്പോൾ ഒരു ചൂട് നീരുറവയെക്കുറിച്ച് പറഞ്ഞിരുന്നു,പക്ഷെ അപ്പോഴുണ്ടായിരുന്ന കാലാവസ്ഥ വ്യതിയാനം  അങ്ങോട്ട് പോകാൻ തീരെ പറ്റാത്തരീതിയിൽ വളരെ മോശം അവസ്ഥയിലായതിനാൽ തിരിച്ചു വരുമ്പോൾ പോകാമെന്ന് പറഞ്ഞ് ഖുൻഫുദയിലേക്ക് തന്നെ യാത്രയായി,

ഖുൻഫുദയിലെത്തി വണ്ടി ഒരു പെട്രോൾ സ്റ്റേഷനിൽ ഒതുക്കിയിട്ടു മജീദ് ചേരൂരിനെ വിളിച്ചു, അവരേയും കാത്ത് ഇരിക്കുകയാണ്, ഖുൻഫുദയിൽ എത്തിയാൽ യാത്രയുടെ മുഴുവൻ പ്ലാനും മജീദ് സാഹിബും അവരുടെ ആളുകളുമാണ് കൈകാര്യം ചെയ്യുന്നത്,അങ്ങനെ ഏറെ വൈകാതെ മജീദും കൂട്ടരും ഞങ്ങൾക്കരികിലെത്തി, ആദ്യം എവിടെ പോകണം എന്ന് തീരുമാനിക്കാനുള്ള ചർച്ചയിൽ ഇവിടെ അടുത്ത് ഒരു ചൂട് നീരുറവയുണ്ട്  എന്ന് മജീദ് ഭായ് പറഞ്ഞപ്പോൾ അത് അൽ ലെയ്ത്തിലല്ലെ എന്ന് ആശങ്ക അറിയിച്ചപ്പോൾ അല്ല ഇവിടെ മറ്റൊരു ചൂടുനീരുറവയുണ്ട് നമുക്ക് അവിടെ പോകാം എന്ന തീരുമാനത്തിലെത്തി, എന്നാൽ ആദ്യം അങ്ങോട്ട് തന്നെ പോകാൻ തീരുമാനിച്ചു വണ്ടിയിൽ കേറി

കുറച്ച് ദൂരം മരുഭൂമിയും മലകളും താണ്ടിയുള്ള യാത്രക്ക് അവസാനം, ഒരു ചെറിയ പാർക്ക് പോലെ ഉണ്ടാക്കിയ സ്ഥലത്തേക്ക് വണ്ടി തിരിച്ചു, അവിടെ കുറേപേർ കുളിക്കുന്നതും വെള്ളത്തിലേക്ക് ചാടുന്നതുമെല്ലാം കാണുന്നുണ്ട്,കൂടുതലും ഹിന്ദി സംസാരിക്കുന്നവരാണ് ,വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോഴാണ് ചൂടിന്റെ ശക്തി ശെരിക്കും ബോധ്യപ്പെട്ടത്, ധാരാളം ഔഷധഗുണമുള്ളതിനാലാണുപോലും ഇതിൽനിന്ന് ആളുകൾ കുളിക്കുന്നതും മുഖം കഴികുന്നതുമെല്ലാം,സൗദി ഫാമിലികളും ഈ വിസ്മയം നേരിൽ കാണാൻ ഇവിടേക്ക് വരുന്നുണ്ട്,"അൽ മഹൽ ഹാർ" എന്നാണ് ഈ സ്ഥലത്തിനെ പൊതുവായി അറബികൾക്കിടയിൽ അറിയപ്പെടുന്നത്,
ഭൂമിക്കടിയിലെ പ്രത്യേക ചില രാസ പ്രകൃയകളെക്കൊണ്ടാണ് മരുഭൂമിയിൽ ഇത്തരം ചൂട് നീരുറവയുണ്ടാകുന്നത് എന്നാണ് ഖുൻഫുദയിലെ സുഹൃത്തുക്കൾ പറയുന്നത്,ആയതിനാൽ ഇത് ചില ഔഷധഗുണങ്ങൾ നിലനിൽക്കുന്ന വെള്ളമാണെന്നും പറയപ്പെടുന്നുണ്ട്,വെള്ളം കയ്യിലെടുത്താൽ നല്ല ചൂട് അനുഭപ്പെടുന്നുണ്ട്,വെള്ളത്തിൽനിന്ന് ആവി പരക്കുന്നതും കാണാം,അധികസമയം ഈ സ്ഥലത്ത് നിൽക്കാൻ കഴിയാത്ത അത്ര ചൂടുണ്ട്,വെള്ളിയാഴ്ച ആയതിനാൽ ജുമഅ നമസ്കാരവും ഉണ്ടായതിനാൽ തിരിച്ച് ഞങ്ങൾ ആ മണൽ ഗ്രാമത്തിലൂടെ ഒരു പള്ളി ലക്ഷ്യമാക്കി നീങ്ങി,


അല്പം സഞ്ചരിച്ചപ്പോൾ ഒരു ചെറിയ കുന്നിൻ മുകളിലൊരു പള്ളി കണ്ടു ഒരുചെറിയ ഗ്രാമ പ്രദേശമാണ് വളരെ ചെറിയൊരു പള്ളിയും, നമസ്കാരം കഴിഞ്ഞ് കുൻഫുദയിലേക്ക് തന്നെ തിരിച്ചു, ഭക്ഷണം കഴിച്ച് ഒന്ന് വിശ്രമിച്ചിട്ട് വേണം യാത്ര തുടരാൻ, ഇനി മക്-വയുടെ ഉൾ പ്രദേശങ്ങളാണ് ലക്ഷ്യം, മുപ്പത് കിലോമീറ്ററോളം ഉള്ളിലേക്ക് ചെന്നാലാണ് ഇരിപ്പിടങ്ങൾ കാണുക എന്നാണ് ഖുൻഫുദയിലെ സുഹൃത്തുകൾ പറഞ്ഞത്,

വെയിലൊന്ന് ആറിയപ്പോൾ ഞങ്ങൾ യാത്ര തുടർന്നു, ഖുൻഫുദയിൽനിന്ന് മക്-വയിലേക്ക് , മരുഭൂമികളും കുന്നുകളുംതാണ്ടി മലകൾക്ക് അരികിലൂടെ യാത്രയായി, താഴ്ന്ന ചില പ്രദേശങ്ങളിൽ വെള്ളവും പച്ചപ്പും മറ്റുകാണുന്നുണ്ട്, പെട്ടെന്ന് ഞാൻ വണ്ടി നിർത്തി, ഒരു മലയടിവാരം നല്ല തെളിഞ്ഞവെള്ളക്കെട്ട്, കുറച്ചകലെ നാടിന്റെ സ്മരണകളിലേക്ക് എത്തിക്കുന്ന കാഴ്ചകൾ, പച്ചപ്പുല്ലുകൾ അതിൽ മേയുന്ന പശുക്കൾ,ആ കാഴ്ചകാണുമ്പോൾ കേരളത്തിലെ  പശ്ചിമകട്ട മേഖലകളിലെ കളകൾ നിറഞ്ഞ തരിശ് പാടങ്ങൾ ഓർമയിൽ തികട്ടി, വെള്ളത്തിൽ മൽസ്യങ്ങളുണ്ട്,പക്ഷെ ഇറങ്ങാനൊരു ദൈര്യക്കുറവുണ്ട്,

യാത്ര തുടർന്നു ലക്ഷ്യം പഴയകാല കെട്ടിടങ്ങളെയാണ്,

യാത്രക്കവസാനം എത്തിപ്പെട്ടത്ത് ഒരു മലയോര മേഖലയിലാണ്, ഒരു കുന്നിൻ ചെരുവിലേക്ക് ചൂണ്ടി മജീദ് ഭായ് പറഞ്ഞു ആ കാണുന്നത് ഒരു പഴയ ഇസ്തിറാഹ് ആണ്,അടിവാരത്തേക്കു നോകുമ്പോൾ വലിയ പാറകളാണ്,കേറി അവിടെയെത്തുകയെന്നുള്ളത് പ്രയാസമാണ്,കൊമ്പനും തൊട്ടിയനും അഫ്നാസും മജീദ് ഭായിയും മറ്റു സുഹൃത്തുക്കളും അള്ളിപ്പിടിച്ച് കേറാൻ തുടങ്ങി,മുകളിലെത്താൻ നല്ല പ്രയാസമുണ്ട്,പാറകൾ താണ്ടി മുകളിലെത്തി, 

ഇരിപ്പിടത്തിന്റെ ചുവരുകൾ ചെറിയ കൽ- പാളികൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്, ഈ  ചുവരുകൾ കാണുമ്പോൾ കുറച്ച്മുമ്പ് ഞങ്ങൾ യാത്രപോയിരുന്ന അൽ ബഹയിലെ ദീ ഐന്ന് കോട്ടക്ക് സമാന ഭിത്തികളെ ഓർമിപ്പിക്കുന്നു, ദി എൻ കോട്ടയുടെ ചുവരുകൾ മുഴുവൻ ഉണ്ടാക്കിയിരിക്കുന്നത് കല്ല് ചെത്തിയെടുത്ത കട്ടികുറച്ച കൽ പാളികൾകൊണ്ടാണ്, പ്രത്യേക രീതിയിൽ അടുക്കിവെച്ചാണ് ഈ നിർമിതി,കല്ലുകൾക്കിടയിൽ മറ്റൊരു തരത്തിലുള്ള ഖര ദ്രാവക പദാർത്തങ്ങളും ഉപയോഗിക്കുനില്ല എന്നതാണ് ഇതിന്റെ മറ്റൊരു അതിശയം,
ഇത്തരം ഇരിപ്പിടങ്ങൾ അല്ലെങ്കിൽ വിശ്രമ കേന്ദ്രങ്ങൾ എന്തിനൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായ വിവരങ്ങളൊന്നുമില്ലെങ്കിലും, ഇത് പഴയകാലത്തെ സഞ്ചാരികൾ,കച്ചവടക്കാർ എന്നിവർ  യാത്രക്ഷീണം മാറ്റാനും, മരുഭൂമിയിലെ ഇടയന്മാർ വിശ്രമിക്കാനുമൊക്കെ ഉപയോഗിച്ചിട്ടുണ്ടാകാം,മിക്കതും പാതകളിൽനിന്ന് ഉയർന്ന സ്ഥലങ്ങളിലാണ് നിർമിച്ചിരിക്കുന്നത്,അത് ദൂരെനിന്ന് തന്നെ ആളുകൾക്ക് അനയാസം കാണാൻ വേണ്ടിയായിരിക്കാം, 

ഇരിപ്പിടത്തിന്റെ മേൽക്കൂരയുണ്ടാക്കിയത് ചെറിയ മരത്തടികളും ഊന്തപ്പന ഓലകളുംകൊണ്ടാണ് ,ചിതലരിച്ചും മറ്റും പൊളിഞ്ഞ  മേൽക്കൂരയിൽ മണ്ണുപതിപ്പിച്ചിരുന്ന ചില അടയാളങ്ങളും കാണുന്നുണ്ട്, മണ്ണ് മേൽക്കൂരയിൽ പതിക്കുന്നത് ചൂട് കുറയാനാണ്,മരുഭൂമിയിലെ അതി കഠിനമായ ചൂട്  മണ്ണ് മേൽക്കൂരകൾ തരണംചെയ്യുമെന്നതുകൊണ്ടായിരിക്കാം  മണ്ണുകൾ ഈന്തപ്പന ഓലകൾക്ക് മുകളിൽ പതിച്ചിരുന്നത്,

ഇരിപ്പിടത്തിനു പുറത്തിറങ്ങി , കുന്നിൻ ചെരുവിലൂടെ ഇറങ്ങി ,കുറച്ചു ദൂരം ചെന്നാൽ മറ്റൊരു ഇരിപ്പിടമുണ്ട്, അതുകൂടി കാണണം, അൽപ്പദൂരം മലകൾക്കിടയിലൂടെയുള്ള റോഡിലൂടെ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ റോഡിൽനിന്ന് അല്പം മാറി അതികം ഉയരത്തിലല്ലാതെ മറ്റൊരു ഇസ്തിറാഹുകൂടി കണ്ടു, 
ഇത് വളരെ ചെറിയ ഇരിപ്പിടമാണ്, മരത്തടികൊണ്ടുണ്ടാക്കിയ ഒരു ചെറിയ വാതിലുമുണ്ട്, പിറകു വശത്തുകൂടി നോക്കുമ്പോൾ അതിന്റെ ഉൾവശം ശെരിക്കും കാണാം, ഒരാൾക്ക് മാത്രം ഇരിക്കാവുന്ന ഒരു വിശ്രമ സ്ഥലമാണത്, ചെറിയ ഇരുമ്പ് പാത്രങ്ങൾ അതിൽ തുരുമ്പുവന്ന നിലയിൽ കാണുന്നുണ്ട്, വാത്തിൽ ഉള്ളിൽ എന്തോ ഒന്നിൽ തടഞ്ഞതിനാൻ തുറക്കാൻ കഴിയുന്നില്ല,

സൗദിയിൽ കണ്ട എല്ലാ പുരാതന കെട്ടിടങ്ങൾക്കും വാസ്തുശിലപരീതിയിൽ വളരെ വലിയ സാമ്യങ്ങളുണ്ട്, ഒരോ പ്രദേശത്തിനുമുണ്ട് അവിടുത്തെ ചരിത്രങ്ങൾ തെളിയിക്കുന്ന ചില അടയാളങ്ങൾ ,ചില രൂപങ്ങൾ, ശില്പങ്ങൾ, കെട്ടിടങ്ങൾ,
ഇവയിലൊക്കെ കാണുന്ന ചില സാമ്യങ്ങൾ, അത്തരം സാമ്യങ്ങൾ ആ ഭൂഖണ്ഡത്തിന്റെതന്നെ ചരിത്രങ്ങളേയും സംസ്കാരങ്ങളേയും കഴിഞ്ഞകാല സാമൂഹിക സാംസ്കാരിക ചുറ്റുപാടുകളേയും പഠിപ്പിക്കുന്നവയായിരിക്കും,
അറബ് സംസ്കാരത്തിന്റെ പല ചരിത്ര ചിഹ്നങ്ങളും സൗദിയെപോലുള്ള ചരിത്രപ്രധാന രാജ്യങ്ങളിൽ ഇന്നും നിലനിക്കുന്നുണ്ട്,അവയ്ക്കെല്ലാം മരുഭൂമിയിടെ കൊടും ചൂടിന്റേയും മണൽക്കാറ്റിന്റേയും മഞ്ഞു കാലത്തിന്റേയും ഒരുകൂട്ടം കഥകൾ പറയാനുണ്ടായിരിക്കും,

ഞങ്ങൾക്ക് തിരിച്ച് ജിദ്ദയിലേക്ക് യാത്രതിരിക്കാൻ സമയമായി, ഖുൻഫുദയിലേക്ക് വീണ്ടും വരും എന്ന വാക്കിന്മേൽ മജീദ് ചേരുറിനോടും സുഹൃത്തുകളോടും യാത്രപറഞ്ഞു,മണൽക്കാറ്റിനോടും നിയോൺ വെളിച്ചങ്ങളോടും സന്ധി സംഭാഷണത്തിലേർപ്പെട്ടുകൊണ്ട്, ഷഹബാസിന്റെ ഗസൽ മഴയിൽ ഇങ്ങനെ നനഞ്ഞ് " നടക്കാൻ മറന്നു നീ നാലുചക്രത്തിൻ മേലേ ചലിക്കും നേരം നിന്റെ വേഗതക്കെന്താണർത്ഥം"  
ജിദ്ദയെ ലക്ഷ്യമാക്കി ഞ്ഞങ്ങളേയും വഹിച്ച് വാഹനം അതിവേഗം കുതിച്ചുപാഞ്ഞു.

No Response to "ഖുൻഫുദയിലേക്കൊരു പികിനിക്"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...