ജോഗ് ഫാൾസിലെ ജല ഗോപുരങ്ങൾ

കാണാൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുക എന്നത് പ്രയാസമുള്ള കാര്യമാണ്, ആ ആഗ്രഹം സഫലമാകുമ്പോൾ മനസിൽ വിരിയുന്ന പൂക്കൾക് കുറച്ചദികം സുഗന്ധമുണ്ടായിരിക്കും , യാത്രകൾ പഠനങ്ങൾക്കുമപ്പുറം ചില ജീവിതങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നേർക്കാഴ്ചകളാണ്, അത് കൊണ്ട് തന്നെയാണ് ഞങ്ങൾ കർണാടക തിരഞ്ഞെടുത്തതും,ലക്ഷ്യം കർണാടകയിലെ ഷിമൊഗ പട്ടണത്തിലേക്കാണ് , "ശിവമൊഗ്ഗ" എന്ന് കന്നഡയിൽ പറയും, ശിവന്റെ മുഖമുള്ള നാട് എന്നും മനോഹര മൺപാത്രമെന്നുമൊക്കെ അർത്ഥം വരുന്നതാണ് ഷിമൊഗ, മലകളുടെ പട്ടണം എന്നും അറിയപ്പെടുന്നു,


അതിരാവിലെ തന്നെ ഞാനും സഹധർമ്മിണിയും  സുബൈറും ഭാര്യയും യാത്ര തിരിച്ചു ,മലപ്പുറം ജില്ലയിലെ വാണിയമ്പലത്തിൽ നിന്ന് ഷിമൊഗയിലെ കർഗലിൽ എത്താൻ 519 കിലോമീറ്റർ സഞ്ചരിക്കണം, ഏകദേശം എട്ട് മണിക്കൂർ യാത്ര, ആദ്യം വണ്ടി കോഴിക്കോട്  വിട്ടു,കോഴിക്കോട് നിന്ന്  മാഹി വഴി കണ്ണൂർ പിന്നെ കാഞ്ഞങ്ങാട് കാസർഗോട്  അവിടെ നിന്ന് ചെറിയ ഒരു ഭക്ഷണം ഒക്കെ കഴിച്ച്  മാംഗ്ലൂരുവിലെത്തി പിന്നെ ഉടുപ്പി, ഉടുപ്പിയിൽ നിന്ന് ബട്ക്കൽ എന്ന ചെറിയ പട്ടണത്തിൽ വണ്ടി നിർത്തി, അപ്പോഴേകം സമയം രാത്രി പത്ത് മണി കഴിഞ്ഞിരുന്നു, ട്രാഫിക്കും ബ്ലോക്കും കാരണം ഡ്രൈവിങ്ങ് നല്ല പ്രയാസം തന്നെ ആയിരുന്നു, 

ബട്ക്കലിൽ നിന്ന് കാർഗ്ഗലിൽ എത്താൻ രണ്ട് വഴികളുണ്ട് ഒന്ന് ഹൊനാവർ വഴി നാഷണൽ ഹൈവേയിലൂടെ, പിന്നെ ഒരു ഷോട്ട് വഴി ശരവതി വനമേഖലയിലൂടെയാണ്, അഷറഫ് ഭായി പറഞ്ഞുതന്ന അറിവ് വെച്ച് ശരവതി വനമേഖലയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചു, ഈ മേഖലയിലേക്ക് പ്രവേശിച്ചാൽ പിന്നെ  ഒന്നര മണിക്കൂർ കഴിഞ്ഞാലെ ജനവാസ മേഖലയിൽ എത്താൻ കഴിയൂ, പുറം ലോകവുമായി ബന്ധപ്പെടാൻ ഈ സ്ഥലങ്ങളിൽ ഒരു മൊബൈൽ ഫോണിനും റേഞ്ചില്ല, ബട്ക്കലിലെ ഒരു പഴക്കച്ചവടക്കാരൻ പറഞ്ഞു, ഈ സമയത്ത് ശരവതിയിലൂടെ യാത്ര അത്ര നല്ലതല്ല" എന്തയാലും ഒരു ത്രില്ല് വേണ്ടെ എന്ന് സുബൈറിനോട്  പറഞ്ഞ് ഞാൻ വണ്ടി തിരിച്ചു, വനമേഖലയിൽ  പ്രവേശിച്ച് അഞ്ച് മിനുട്ട് പിന്നിട്ടപ്പോൾ മൊബൈൽ നോക്കിയപ്പൊ മനസ്സിലായി റേഞ്ച് ഒട്ടും ഇല്ലായെന്ന്, 
പിന്നെ ഒരു യാത്രയായിരുന്നു,കുറേ ദൂരം സഞ്ചരിച്ചു ഒരു മനുഷ്യനെ പോലും കണ്ടില്ല, നല്ല ഇരുട്ടും , രണ്ട് വാഹനങ്ങളാണ് അത് വരെ ആ വഴി ഞങ്ങൾ കണ്ടത്, പിന്നെയും  സഞ്ചാരം തുടർന്നു, കുറച്ച് കഴിഞ്ഞ്  മൂന്ന് കൂടിയ ഒരു  കവലയിൽ എത്തി, എങ്ങോട്ട് പോകണം എന്ന് ഒരു ഊഹവും കിട്ടുനില്ല,ചുറ്റും നല്ല കാടാണ് സമയം പത്രണ്ട് മണിക്കടുത്ത്, ആരോടെങ്കിലും ചോദിക്കാൻപോലും ഒരു വണ്ടി പോലും ഇല്ല  ജോഗ് എന്നെഴുതിയ സ്ഥലത്തേക്ക് വെച്ച ചൂണ്ട് പലകയിൽ ഞാൻ നോക്കി പറഞ്ഞു, എന്തു വന്നാലും ഈ സൈഡിലോട്ട് പോകാം, ഞാൻ വണ്ടി അങ്ങോട്ട് തിരിച്ചു, പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ റോഡ് ഒരു കുന്നിൻ ചെരിവിലൂടെ സഞ്ചരിക്കാൻ തുടങ്ങി ഞാൻ  സൈഡ് വിന്റോയിലൂടെ കുന്നിന്റെ താഴെ ഭാഗത്തേക്ക് നോക്കി,  പെട്ടെന്ന്  വണ്ടി നിർത്തി, എല്ലാവരോടം അങ്ങോട്ട്  നോക്കാൻ പറഞ്ഞു, എല്ലാവരും  നോക്കിയിട്ട് ഒരു ദീർഘ ശ്വാസം വലിച്ചു,കുറേ സമയമായി പേടിച്ച് തന്നെയാണ് യാത്ര, ഒരു മനുഷ്യനെപോലും ശരാവതിയിൽ പ്രവേശിച്ചിട്ട് കണ്ടിട്ടില്ല,  അതെ കാർഗ്ഗലിൽ എത്തിയിരിക്കുന്നു, ജനവാസം ഉള്ള സ്ഥലം, അപ്പോഴേക്കും മൊബൈലിൽ റേഞ്ച്  കിട്ടി തുടങ്ങിയിരുന്നു കുന്നിറങ്ങി അഷറഫ് ഭായിയെ കണ്ട് അന്ന് അദ്ധേഹത്തിന്റെ വീട്ടിൽ ഉറങ്ങാൻ തീരുമാനിച്ചു, അഷറഫ്  ഭായ് ഞങ്ങളെ കൂടെ യാത്ര ചെയ്യുന്ന സുബൈറിന്റെ അമ്മവനാണ്, വലിയ ഒരു സൽക്കാരം തന്നെ അവർ അവിടെ ഒരുക്കിയിരുന്നു, തണുപ്പ് നന്നായി ഇരച്ചു കേറുന്നുണ്ട്, ഇനി ഉറങ്ങിയിട്ടാവാം എന്ന് ഉറപ്പിച്ച് കിടന്നു,

രാവിലെ എണീറ്റ് ഭക്ഷണമെല്ലാം കഴിച്ച് കാണേണ്ട സ്ഥലങ്ങളെ കുറിച്ച് അഷറഫ് ഭായിയോട് ചോദിച്ച് അദ്ധേഹത്തേയും കൂട്ടി ഞങ്ങൾ യാത്ര തുടങ്ങി ഷിമൊഗയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം ജോഗ് വാട്ടർഫാൾസാണ് , അത് ലോക പ്രശസ്തി നേടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്, പിന്നെ തുങ്ക നന്ദിയും ശരവതി നന്ദിയുമൊക്കെയും അതിനെ ബെന്ധപ്പെട്ട വൈദ്യുതി നിലയങ്ങളും ഡാമുകളും ബാക് വാട്ടർ ബോട്ടിങ്ങുമൊക്കെയാണ് കാണാൻ ഉള്ളത്, ജോഗിൽ നിന്ന് കുടജാത്രിയിലേക്ക്  കുറച്ച് അധികം ദൂരം കാരണം അങ്ങോട്ടുള്ള യാത്ര അപ്പോഴെ ക്യാൻസിൽ ചെയ്തിരുന്നു,

അങ്ങനെ ശരവതി ബാക്ക് വാട്ടറിൽ എത്തി അവിടെത്തെ ഒരു ചെറു ബോട്ടിൽ കേറി യാത്ര തുടങ്ങി, നമ്മുടെ നാട്ടിലെ കായലുകളെക്കാൾ എത്രയോ വലിയ വെള്ളകെട്ടായിരുന്നു അത്, അതിന്റെ നടുവിൽ ഒരു വലിയ  ദീപ് കണ്ടു അത് ജപ്പാൻ പാർക്കായിരുന്നുപോലും പണ്ട്, ഇപ്പോൾ വെള്ളം നിറഞ്ഞ് അത് നശിച്ചു എന്നും ലോകത്തിലെ ചില പ്രത്യേക ഇനം പാമ്പുകൾ അവിടെ ഇപ്പൊ ഉണ്ട് എന്നും ബോട്ട് നിയന്ത്രിക്കുന്ന ആൾ അഷഫ് ഭായിക്ക് പറഞ്ഞ് കൊടുക്കുന്നുണ്ട്,പിന്നെ തുങ്ക നദിയും ശരവതി നന്ദിയുമെല്ലാം കണ്ടു അന്ന് രാത്രിയായി, ആറുമണി കഴിഞ്ഞാൽ തണുപ്പ് തുളച്ച് കേറാൻ തുടങ്ങി, തിരിച്ച് അഷറഫ് ഭായിയുടെ വീട്ടിലേക്ക്, രാത്രി സ്വാധുള്ള ഭക്ഷണവും അവിടെ ഉള്ള അദ്ധേഹത്തിന്റെ കുട്ടികളോടും സംസാരിച്ചു ആ ദിവസം ഉറക്കത്തിലേക്ക് വീണു,

രാവിലെ ഉണർന്നത് ജോഗിലെ വെള്ളച്ചാട്ടം ലക്ഷ്യം വെച്ചാണ്, യാത്ര അങ്ങോട്ട് തിരിച്ചു, ഒരു ഉച്ചസമയത്തായിരുന്നു അവിടെ എത്തിയത്, ഈ വെള്ളച്ചാട്ടം മൂന്ന് സ്ഥലങ്ങളിൽ നിന്ന് കാണാം, അങ്ങിനെ സാഗര വഴി യാത്ര തുടങ്ങി, ആദ്യം ഒരു കുന്നിൻ മുകളിൽ വണ്ടി നിർത്തി നടത്തം  തുടർന്നു, വെയിൽ നന്നായി ഉണ്ട്, സഞ്ചാരികൾ എത്തി തുടങ്ങുന്നു, ഞങ്ങൾ വെള്ള ച്ചാട്ടത്തിന്റെ ഏകദേശം അടുത്തായി,  മനോഹരമായ ഒരു അനുഭവം 'ഉയരത്തിൽനിന്ന് താഴേക്ക്  പട്ട്നൂലുകൾ  ആകാശത്തു നിന്ന് ഉതിർന്നിറങ്ങിയപോലെ ആ ജലധാര ഒരു സ്ഫടിക പാത്രത്തിലേക്ക് ആഴ്ന്നിറങ്ങിപ്പോകുന്ന പ്രതീതി, അതി മനോഹരം, അതിലേക്ക് നോക്കി ഞങ്ങൾ നിമിശങ്ങളെണ്ണാതെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു,

ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം  253 മീറ്റർ(829 അടി)ൽ നിന്നാണ് വെള്ളം ചാടുന്നത്, വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. അഷറഫ് ഭായി ഒരോന്ന് വിവരിച്ചു തന്നു, ആ സ്ഥലത്ത് ജീവിക്കുന്ന ആളായതിനാൽ അദ്ധേഹത്തിന്ന് വളരെ വ്യക്തമായി ഇതെല്ലാം അറിയാം എന്നത് ഞങ്ങൾക്ക് വലിയ അനുഗ്രഹമായി,ലിങ്കമങ്കി ഡാമാണ് ഇതിന്റെ ബാക്ക് വാട്ടർ സോഴ്സ്,ശാരാവതി നദിയിലെ ലിങ്കൻമക്കി ഡാമും അതിൽ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫാൾസുമായി ബന്ധപ്പെട്ടുനിൽക്കുന്നുകർണാടകത്തിലെ വൈദ്യുതിയുടെ നിർണ്ണായക ഉറവിടവും ഇതു തന്നെയാണ്,മഹാത്മാഗാന്ധി ജലവൈദ്യുത നിലയം എന്നാണ്‌ ഇതിന്റെ ഇപ്പോഴത്തെ പേര്‌,

അങ്ങിനെ മറ്റ്  രണ്ട് സ്ഥലങ്ങളിൽ പോയി വെള്ളച്ചാട്ടം  നന്നായി ആസ്വദിച്ചു, 
ഓരോ സ്ഥലത്തുനിന്ന് നോക്കുമ്പോഴും വളരെ വ്യത്യസ്തമായ കാഴ്ചയാണ് ജോഗിലെ വെള്ളച്ചാട്ടത്തിനുള്ളത്, ഈ വെള്ളച്ചാട്ടത്തിന്റെ വലിയൊരു പ്രത്യേകതയും അത് തന്നെയാണ്, പല ആങ്കിളുകൾക്ക് സമാനമായി തോന്നുന്ന ഒരു പ്രത്യേക രൂപ ഭംഗിയുണ്ട് ജോഗ് ഫാൾസിന്, മനോഹരമായ  ആ കാഴ്ച ജീവിതത്തിലെ അതീവ സ്മരണയുണർത്തുന്ന നിമിശങ്ങളായിതന്നെ മനസിൽ മാറിക്കഴിഞ്ഞിരുന്നു, മനോഹരമെന്ന് കുന്നുകൾ ഉറങ്ങുമ്പോൽ ഞങ്ങൾ എത്രയോ തവണ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു,
 ഞങ്ങൾ തിരിച്ച് യാത്രക്കൊരുങ്ങി,അഷറഫ് ഭായിയോടും കുടുബത്തോടും യാത്ര പറഞ്ഞ് ഇറങ്ങി, വണ്ടി ശ്രീരംഗ പട്ടണം ലക്ഷ്യമാക്കി പാഞ്ഞു, ഇനി മൈസൂരിൽ പോകണം,  തിരിച്ച് നിലമ്പൂരാണ് ലക്ഷ്യം,
മൈസൂരിൽ ഒരു ദിവസം തങ്ങി  മൈസൂർ കൊട്ടാരവും വൃന്ധാവനവും  മൃഗശാലയുമെല്ലാം കണ്ട് തിരിച്ചു വീട്ടിലോട്ട്,
യാത്രകൾ അനുഭവങ്ങളുടെ കലവറയാണ്, ഓരോ സ്ഥലം പിന്നിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ ആസ്വാദനത്തിനപ്പുറം പിന്നിട്ട സ്ഥലങ്ങളെല്ലാം ഓരോ  ജീവിത ലക്ഷ്യത്തിലേക്കുള്ള നേർ രേഖകളാണ്. 
ഷാജു അത്താണിക്കൽ

5 Response to "ജോഗ് ഫാൾസിലെ ജല ഗോപുരങ്ങൾ"

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നല്ല വിവരണം ...

Akbar പറഞ്ഞു...

യാത്ര ഞാനും ആസ്വദിച്ചു. ഒരു സംശയം. ശിമോഗയിലേക്ക് ഗൂടല്ലൂർ - മൈസൂർ വഴിയല്ലേ എളുപ്പം. ഇനി തലശ്ശേരി വഴിയാണെങ്കിൽ ഇരിട്ടി ചുരം കയറി കൊടക് വഴി അങ്ങിനെയും..ശരിയാണോ എന്നറിയില്ല..എന്തായാലും ദീർഘ യാത്രയുടെ വിവരങ്ങൾ പങ്കു വെച്ചതിൽ സന്തോഷം..

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഷിമോഗയെ കുറിച്ച് മുമ്പ് സ്കൂളിൽ പഠിച്ച അറിവേയുള്ളൂ. ഈ വെള്ളച്ചാട്ടത്തെ പറ്റി കേട്ടിരുന്നു, ഇനിയൊന്നു പോവണം.
ഗംഭീര അവതരണം.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നന്ദി പ്രിയമുള്ളവരെ നിങ്ങളുടെ വായനക്കും വിവരണത്തിനും

MUHAMMED SADATH KUNNATH പറഞ്ഞു...

കുഴപ്പമില്ല ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...