സഞ്ചാരി

വഴി കണ്ടെത്തിയവന്
വചനമില്ല,
വഴികളിലെല്ലാം
അവനുള്ളതുണ്ട് തന്നെ,
യാത്രികന്റെ കാലുകൾ നോക്കൂ
മഷി തീരാത്ത എഴുത്താണിപോലെ,
അവയെത്ര പുതിയ
സൂക്തങ്ങളാണ് രചിക്കുന്നത്-
പാറകളിൽ,
തരിശ് ഭൂമികയിൽ,
വചനം ഉരുവിട്ട്
തുറങ്കിലകപ്പെട്ടവരേ,
നിങ്ങൾ യാത്ര ചെയ്യുന്നില്ലെങ്കിൽ
ആ ഉടൽ വെറും മൃതം,
പ്രണയത്തിലേക്കും
പ്രപഞ്ചത്തിലേക്കും
പ്രയാണം ചെയ്യുക
തീർച്ചയായും പൂക്കൾ
പുഷ്പിക്കുകയും
വസന്തം പൂവണിയുകയും ചെയ്യും.

കവിതകളിലേക്ക് തന്നെ

കവിതകൾ
കാറ്റിനോട്
കഥ പറഞ്ഞപ്പോൾ
ഒരു മനസ്സ്
മഴ നനഞ്ഞു,
കഥകൾ വറ്റിയ
കടൽ
ഈർപ്പം നുകർന്ന്
നോവുകൾ
അയവിറക്കി,
വേനൽ പറഞ്ഞ
കഥയുടെ
ചിന്തയിൽ
ഒരുമഴ
പെടുന്നനെ പെയ്തു,
ആവനാഴിയിൽ
ബാക്കിവന്നൊരസ്ത്രം
മേഘക്കീറിലേക്ക്
ഉന്നം നോക്കി,
ഇനി
കവിതകൾ
മഞ്ഞു
കണങ്ങളായി
നിന്റെ
മേനിയെ
തണുപ്പിക്കട്ടെ.

ഉച്ചഭാഷിണീ

ഭൂപടത്തിൽ
നിലവിളികൾ
രേഖപ്പെടുത്തിയ
കടൽ തീരമായിരിക്കുന്നു
ഇന്ത്യ,
ഭൂമിയിൽ നരകം തീർത്ത
രാജാവില്ലാത്ത
ഏക രാജ്യമായിരിക്കുന്നു
നമ്മുടേത്,
കണ്ണൂനീർ വറ്റിയ
മുഖവുമായവൾ
അടിവസ്ത്രം തിരഞ്ഞ്
പകൽ വെളിച്ചത്തിൽ
ഓടുകയാണ്,
ആൾക്കൂട്ടങ്ങൾക്കിടയിലെ
അവളുടെ നിലവിളി
നിശബ്ദമാകുന്നു,
ശബ്ദങ്ങൾ നിശബ്ദമാക്കിയ
ഭീകരമാം
ഉച്ചഭാഷിണികൾ
ശബ്ദിക്കുന്നുണ്ട്
നമുക്ക് ചുറ്റും.
📣ഷാജു അത്താണിക്കൽ

പ്രാവുകളുടെ ദൈവം മനുഷ്യരുടേയും

കഥ:-
-------------------------------------------------------------------
ഗ്രാമത്തിലെ കൃസ്ത്യൻ പള്ളിയുടെ മുകളിൽ ഒരു 
അമ്മ പ്രാവും അവയുടെ മൂന്ന് കുഞ്ഞുങ്ങളും താമസിച്ചു വരികയായിരുന്നു,
പള്ളിപ്പെരുന്നാളിന്റെ ഭാഗമായി പള്ളി വൃത്തിയാക്കുന്നതിൽ അവയുടെ കൂട് അവർക്ക് നഷ്ടമായി,
കൂട് നിർമ്മിക്കാനൊരിടം തിരഞ്ഞ് അമ്മ പ്രാവ് ചുറ്റുപാടും പറന്നു, അങ്ങനെ അമ്പലത്തിനു മുകളിലൊരിടം കണ്ടെത്തി, അവിടെ അവർ കൂട് നിർമിച്ചു താമസം തുടങ്ങി,
ഉത്സവകാലം വന്നപ്പോൾ അമ്പലത്തിനു മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി അവയുടെ കൂട് വീണ്ടും നഷ്ടമായി, ഉടൻ അടുത്തുള്ള മുസ്ലീം പള്ളിക്ക് മുകളിൽ അവർ താമസം തുടങ്ങി, നോമ്പ് കാലം വരാനായപ്പോൾ പള്ളി ചായം പൂശുന്നതിന്റെ ഭാഗമായി അവർക്ക് വീണ്ടും കൂട് നഷ്ടമായി,
ഉടൻ അടുത്തുള്ളൊരു വീടിനു മുകളിൽ അഭയം പ്രാപിച്ചു,
ഒരിക്കൽ പള്ളിയുടേയും അമ്പലത്തിന്റെയും ചർച്ചിന്റേയും നടുവിലായി വലിയ തർക്കം നടക്കുന്നു, പ്രാവിൻ കുഞ്ഞുങ്ങൾ അമ്മ പ്രാവിനോട് ചോദിച്ചു, "ആരാണവർ എന്തിനാണ് ഈ വഴക്ക്" അപ്പോൾ അമ്മ പ്രാവ് പറഞ്ഞു,
" അവർ അമ്പലത്തിൽ പോകുന്നവരും പള്ളിയിൽ പോകുന്നവരും ചർച്ചിൽ പോകുന്നവരും തമ്മിലുള്ള തർക്കമാണ്"
അപ്പോൾ പ്രാവിൻ കുഞ്ഞ് ചോദിച്ചു "അവരെല്ലാം മനുഷ്യ വർഗ്ഗത്തിൽ പെട്ടവരല്ലെ?"
അമ്മ പ്രാവ് പറഞ്ഞു" അതേ, പക്ഷെ അമ്പലത്തിൽ പോകുന്നവർ ഹിന്ദുക്കളെന്നും പള്ളിയിൽ പോകുന്നവർ മുസ്ലീം എന്നും ചർച്ചിൽ പോകുന്നവർ കൃസ്ത്യാനികളെന്നുമാണ് അറിയപ്പെടുന്നത്"
അപ്പോൾ പ്രാവിൻ കുഞ്ഞ് പറഞ്ഞു" അമ്മേ നമ്മൾ അമ്പലത്തിനു മുകളിൽ താമസിച്ചപ്പോഴും പള്ളിക്ക് മുകളിൽ താമസിച്ചപ്പോഴും ചർച്ചിനു മുകളിൽ താമസിച്ചപ്പോഴും പ്രാവുകളെന്നല്ലെ അറിയപ്പെട്ടിരുന്നത്?"
"അതെ നമുക്ക് നമ്മേയും ദൈവമെന്താണെന്നതും വ്യക്തിമായി അറിയാം, എന്നാൽ ഭൂമിയിലെ ബുദ്ധിശാലികളെന്ന് പറയുന്ന മനുഷ്യർക്ക് ഇപ്പോഴും അവർക്ക് അവരേയും ദൈവത്തിനേയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, അവർ ദൈവത്തിനാണെന്ന വ്യാജേന യ്വസം തല്ലി ചാവുന്നു"
**(ചെറുപ്പത്തിൽ കേട്ട കഥയുടെ ഒരു ആവിശ്കരണം,കടപ്പാട്:മറ്റാരെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ)

രണ്ട് പക്ഷികൾ

എന്നിൽ നിന്നും
അവനിൽ നിന്നും
രണ്ടു പക്ഷികൾ
പറന്നു പോയി,

അവയുടെ പേരുകൾ
സമാധാനം എന്നായിരുന്നു,

ദൂരെ ആൽമരത്തിന്റെ
ചില്ലയിലൊരു കൂട് കൂട്ടി

അവയുടെ കൂടെ
ഞങ്ങളുടെ സ്വപ്നങ്ങളും
അവർ കൊണ്ട് പോയിരുന്നു,

സ്വപ്നങ്ങൾകൊണ്ടവർ
ചില്ലയിൽ വീട് നിർമ്മിച്ചു,
അതിന്
മുള്ളുകൊണ്ട്
വേലിയും തീർത്തു,

നഷ്ടപ്പെട്ട സമാധാനത്തെ
തിരഞ്ഞ്
ഞങ്ങൾ
പക്ഷികളുടെ
കൂട്ടിൽ സപർശിച്ചാൽ,
മുള്ള് വേലി നോവിക്കുന്നു,

ഇപ്പോൾ 
ഈ നോവുകൾ
ശീലമക്കിയ ഞങ്ങൾ,
മുഖത്തോടെ മുഖം നോക്കി
അസന്തുഷ്ടരായിക്കുമ്പോൾ
ആ മുള്ളുവേലിയിൽ
സ്പർശിക്കും
നോവും,

നോവൊരു
സുഖമായി
സന്തോഷമായി
സമാധാനമായി
മാറിയിരിക്കുന്നു,

ഇന്നലെ രാവിലെ
മുള്ളു വേലിക്കുള്ളിൽ
രണ്ടു ജഡങ്ങൾ,

നമ്മുടെ സമാധാനം
മുള്ളുവേലിക്കുള്ളിലാണ്,

ഒരു പിടി മണ്ണ് വാരിയിടാൻപോലും
സാധിക്കാത്ത വിദം
അവ ജീർണ്ണിച്ച് പോകും.

Related Posts Plugin for WordPress, Blogger...